മഞ്ഞപ്ര ഫൊറോനപള്ളി ചരിത്ര താളിലൂടെ

ഭാരതീയ ക്രൈസ്തവരുടെ പിള്ളത്തൊട്ടിലായ കേരളത്തിലെ ക്രൈസ്തവ അധിവാസ കേന്ദ്രങ്ങളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ഇടമാണ് മഞ്ഞപ്ര.തോമാശ്ലീഹായുടെ പാദസ്പർശത്താൽ പ്രസിദ്ധമായ മലയാറ്റൂരിനും, ആദിശങ്കരൻ്റെ ജന്മദേശമെന്ന പ്രസിദ്ധി നേടിയ കാലടിക്കും, അങ്കമാലിക്കും അടുത്തായി പ്രകൃതിരമണീയമായി നിലകൊള്ളുന്ന മഞ്ഞപ്രയിലാണ് മാർ ശ്ലീവാ ഫെറോന പള്ളിസ്ഥിതി ചെയ്യുന്നത്. മഞ്ഞപ്ര പള്ളിസ്ഥിതി ചെയ്യുന്ന സ്ഥലം മഞ്ഞപ്പാറ എന്നാണ് അറിയപ്പെട്ടിരുന്നത്. കാല ക്രമേണ അത് ലോപിച്ച് മഞ്ഞപ്രയായി രൂപം പ്രാപിച്ചുവെന്ന് ഐതീഹ്യമുണ്ട്. പതിനാലാം നൂറ്റാണ്ട് വരെ മഞ്ഞപ്രയിൽ ഒരു പള്ളിയുണ്ടായിരുന്നതായി രേഖകളൊന്നുമില്ല. ഇവിടത്തെ ക്രിസ്ത്യാനികൾ ആ കാലഘട്ടത്തിൽ ആത്മീയ ആവശ്യങ്ങൾക്കായി അങ്കമാലി പള്ളിയെയാണ് സമീപിച്ചിരുന്നത്. മാമ്മോദീസ, ശവസംസ്ക്കാരം തുടങ്ങിയ കൂദാശകൾക്കായി അങ്കമാലി പള്ളിയെ ആശ്രയിക്കുന്നതിൽ അനുഭവപ്പെട്ട ദൂരവും മറ്റു ബുദ്ധിമുട്ടുകളും മഞ്ഞപ്രയിൽ ഒരു ദേവാലയം പണികഴിപ്പിക്കുന്നതിനുള്ള ജനങ്ങളുടെ ആഗ്രഹത്തെ ഉന്മേഷപ്പെടുത്തി. ക്രിസ്ത്യാനികൾ തുടർച്ചയായി സർക്കാരിന് നിവേദനം സമർപ്പിച്ചതിൻ്റെ ഫലമായി ഇന്ന് കർമ്മലീത്താമഠം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പള്ളി പണിയുവാൻ പറവൂർ തമ്പുരാൻ അമ്പത്തിയാറു സെൻറ് സ്ഥലവും, വിളക്ക് വെയ്പ്പിനായി കീർപ്പാടത്ത് കുട്ടാടൻ പടവത്തിലും കരം ഒഴിവാക്കി നൽകിയത്.കൂടാതെ പള്ളി പണിയുന്നതിനാവശ്യമായ സൗകര്യങ്ങളൊക്കെയും തമ്പുരാൻ ചെയ്തു കൊടുത്തു.അങ്ങനെ അനുവദിച്ച സ്ഥലത്ത് (ഇന്ന് പള്ളിയിരിക്കുന്ന സ്ഥലം) 1401 ൽ ആദ്യമായി ഒരു കത്തോലിക്കാ ദേവാലയം രൂപപ്പെട്ടു. മഞ്ഞപ്ര പള്ളിയുടെ മുഖഭാഗത്തായി 1401 എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. പറവൂർ സ്വരൂപത്തിൽ നിന്നു തന്നെ പള്ളിക്ക് ചുറ്റുമുള്ള സ്ഥലങ്ങൾ അങ്ങാടിയാക്കുന്നതിനായി ക്രിസ്ത്യാനികൾക്ക് കരം ഒഴിവാക്കി കൊടുത്തു. രാജകീയ അനുവാദങ്ങൾ ഉൾക്കൊള്ളുന്ന ഈ ചെപ്പേട് പള്ളിയിൽ സൂക്ഷിച്ചിരുന്നു. പിൽക്കാലത്ത് സർവേ തെളിവിനായി ഹാജരാക്കുകയും പിന്നീട് എങ്ങനെയോ നഷ്ടപ്പെടുകയും ചെയ്തു.

ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു

പള്ളിയുടെ ആരംഭകാലത്ത് മഞ്ഞപ്രയിൽ ആകെ 45 ക്രിസ്തീയ കുടുംബങ്ങളെ ഉണ്ടായിരിന്നുള്ളു എന്നാണ് പറയപ്പെടുന്നത്.1865 ൽ മഞ്ഞപ്രപള്ളി പുതുക്കി പണിതു.അതോടൊപ്പം തന്നെ പള്ളിമേടയും, ചുറ്റുമതിലും, സെമിത്തേരിയും, കുരിശുകളും പണികഴിപ്പിച്ചു.ഇന്ന് കാണുന്ന പള്ളിമുറി 1912ൽ വികാരിയായിരുന്ന ബഹു. തരിയാക്ക് അച്ചൻ (അങ്കമാലി) ചെയ്യിപ്പിച്ചതാണ്. ഇടവകക്കാരുടെ എണ്ണം വർദ്ധിച്ചതോടെ പള്ളിയിൽ സ്ഥലം തികയാതെയായി.1940 ൽ ഫാ.ജോസഫ് പൈനാടത്ത് മദ്ബഹായുടെയും തെക്ക് വശത്തുള്ള എടപ്പുകളുടെയും പണി ആരംഭിച്ചു.1946ൽ ബഹു. കുരിയാക്കോസച്ചൻ ഇടവകയുടെ പണി പൂർത്തിയാക്കി. മഞ്ഞപ്ര ഇടവകയിൽ നിന്നും പല ഇടവകകളായി പിരിഞ്ഞു പോയിട്ടുണ്ട്. കൊമറ്റം പള്ളി 1799 ലും, നടുവട്ടം പള്ളി 1939 ലും, ആനപ്പാറ പള്ളി 1950 ലും പ്രത്രേക ഇടവകകളായി തിരിഞ്ഞു. അമലാപ്പുരം സെൻ്റ്.ജോസഫ് പള്ളിയും (1959), തട്ടുപാറ സെൻ്റ്.തോമസ് പള്ളിയും (1925), മേരിഗിരി സെൻ്റ്.സെബാസ്റ്റിൻ പള്ളിയും (1960), ആനപ്പാറ അവർ ലേഡീസ് പള്ളിയും (1964), ചുള്ളി സെൻ്റ്.സെബാസ്റ്റിൻ പള്ളിയും (1970) മഞ്ഞപ്രയുടെ കുരിശുപള്ളികളായിരുന്നു.1986 മെയ് 18-ാം തിയതി മഞ്ഞപ്ര മാർ ശ്ലീവാ പള്ളി ഫെറോനയായി ഉയർത്തപ്പെട്ടു. അമലാപുരം, അയ്യമ്പുഴ, കൊല്ലക്കോട്, 6-ാം ബ്ലോക്ക്, വെറ്റിലപ്പാറ, പൂപ്പാറ, കണിമംഗലം, 10-ാം ബ്ലോക്ക്, നടുവട്ടം, മാണിക്യമംഗലം, യോദ്ദനാർപുരം,വാതക്കാട്, തവളപ്പാറ,ആനപ്പാറ, മേരിഗിരി, ചുള്ളി, കുറ്റിപ്പാറ, തട്ടുപ്പാറ, സെബിപുരം പള്ളികൾ മഞ്ഞപ്ര ഫെറോനയുടെ കീഴിലാവുകയുണ്ടായി.

ബഹു.ജോസഫ് നെറ്റിക്കിടനച്ചൻ വികാരിയായിരുന്നപ്പോൾ (1987-1991) പാരീഷ് ഹാളിൻ്റെ പണി പൂർത്തിയാക്കി.1991 ജനുവരി 12-ാം തീയതി അഭിവന്ദ്യ കർദ്ദിനാൾ മാർ ആൻറണി പടിയറ പാരീഷ് ഹാൾ വെഞ്ചരിച്ചു. ബഹു.ജോസഫ് ഭരണികുളങ്ങര അച്ചൻ്റെ കാലത്ത് (1991-1999) സെമിത്തേരി കല്ലറ നിർമ്മാണം ഒന്നാം ഘട്ടം പൂർത്തിയാക്കി. 1999 ഫെബ്രുവരി 6-ാം തിയതി ബഹു.പോൾ എസ്.പയ്യപ്പള്ളി അച്ചൻ വികാരിയായി ചുമതലയേറ്റു. തുടർന്ന് വികസനങ്ങളുടെ കാലഘട്ടമായിരുന്നു. മഞ്ഞപ്ര ഫെറോനാ പള്ളിയുടെ പഴമയെ നിലനിർത്തികൊണ്ടു തന്നെ പള്ളിയുടെ പുനരുദ്ധാരണം അതി മനോഹരമായി നടത്തി. വികാരിയച്ചൻ്റെയും സഹവികാരിമാരായ ജോയ് പ്ലാക്കലച്ചൻ്റെയും, പോൾ കോട്ടയ്ക്കലച്ചൻ്റെയും കെ.ജെ.ബേബി കോളാട്ടുകുടി കൺവീനറായ പുനരുദ്ധാരണ കമറ്റിയുടെയും നേതൃത്വത്തിൽ പണി പൂർത്തിയാക്കി.2001 ജനുവരി 21-ാം തിയതി മേജർ ആർച്ച് ബിഷപ്പ് മാർ വർക്കി വിധേയത്തിൽ ആശീർവ്വാദകർമ്മം നിർവ്വഹിച്ചു.ഇതേ തുടർന്ന് സെമിത്തേരി കല്ലറയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കി. കപ്പേളയും മനോഹരമാക്കി.2001 നവംബർ 2 ന് കല്ലറകളും പുതിയ കപ്പേളയും വികാരിയച്ചൻ ആശീർവ്വദിച്ചു.

Holy Cross Church | Manjapra